Sunday, April 6, 2008

തുടര്‍ യാത്ര.....

പ്രഭാതത്തിന്റെ പ്രകാശ വീചികള്‍ ശയനമുറിയുടെ ജനാലയില്‍ കൂടി കടന്ന് വരുമ്പോഴും നേരത്തെ തന്നെ ഉണര്‍ന്നെങ്കിലും നിഷ്കളങ്കമായി നിദ്ര തുടരുന്ന കുഞ്ഞുമകള്‍ ഫാത്ത്വിമയേയും നോക്കി ഏറെനേരം എഴുന്നേല്‍ക്കാതെ കിടന്നു. അവള്‍ ഏതോ സ്വപ്നം കണ്ടെന്നപോലെ പുഞ്ചിരി തൂവുന്നുണ്ടായിരുന്നു. അതെ... എനിക്ക് എന്റെ ജന്മനാടിനു വേണ്ടി അനുവദിച്ച അവധിയുടെ അവസാന ദിവസം. വീണ്ടും ഒരു യാത്രക്കു സമയമായി.എല്ലായാത്രയും പോലെയല്ല ഇന്നത്തെ ഈ യാത്ര. കാരണം ഒരു വയസ്സ് ഇന്നലെ കഴിഞ്ഞ കുഞ്ഞു മകളുടെ കുസൃതികളോടൊപ്പം നൂറു ദിവസങ്ങള്‍ പങ്കിട്ടു കൊടുത്തുള്ള യാത്ര. ഹൃദയം പറിച്ചെടുക്കും പോലെ. വല്ലാത്തവ്യഥതന്നെ.ഇന്നലെത്തെ രാത്രിയില്‍ അത്താഴം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ കൊച്ചരി പല്ലുകള്‍ കാട്ടി പുഞ്ചിരിച്ചുകൊണ്ട് ഫാത്വിമ ചോറു പാത്രത്തില്‍നിന്നും ഒരു പിടി ചോറു വാങ്ങി അവളുടെ കുഞ്ഞു കരങ്ങളാല്‍ എന്നെ ഊട്ടുമ്പോള്‍, എന്ത് വന്നാലും ഇനിയൊരു യാത്ര. ഹൊ....അത് വേണ്ടന്ന് തീരുമാനിച്ച നിമിഷങ്ങളായിരുന്നു. എന്നാലും ആരോ മന്ത്രിക്കും പോലെ നിനക്കുള്ള വായുവും,വെള്ളവും മറ്റെവിടെയോ കണക്കാക്കിയിരിക്കുന്നു. പോവുക....നീ..വീണ്ടും പോവുക.... ഇന്നു ഞാന്‍ യാത്ര പുറപ്പെടുന്ന വിവരം വീട്ടില്‍ മറ്റാരും അറിഞ്ഞിരുന്നില്ല.മറ്റുള്ളവരുടെ മുന്‍പില്‍ എല്ലാനിശ്വാസങ്ങളും ഹൃദയത്തിന്റെ ആഴങ്ങളില്‍ അടിച്ചമര്‍ത്തി അഭിനയിക്കുകയായിരുന്നു. ഇപ്പോള്‍ അതേ സാധ്യമായിരുന്നൊള്ളു കാരണം ബന്ധു ജനങ്ങളെ വിളിച്ചുവരുത്തി എല്ലാവരുടെയും സാനിധ്യത്തില്‍ ഒരു യാത്ര. അതും കഴുമരത്തിലേക്ക് ആനയിക്ക പ്പെടുന്ന നിരപരാധിയായ ഒരു കുറ്റവാളിയുടെ മനോസംഘര്‍ഷത്തോടെ... വേണ്ട ഇപ്പോള്‍ ഇങ്ങനെ യാകട്ടെ. ഞാന്‍ എടുക്കുവാന്‍ വേണ്ടി കുഞ്ഞു കരങ്ങള്‍ നീട്ടുന്ന ഫത്വിമയെ അഭിമുഖീകരിക്കുവാനുള്ള ശക്തിയില്ലാതെ ഇരുള്‍ കയറിയ കണ്ണുകളുമായി ഞാന്‍ പടിയിറങ്ങുമ്പോള്‍ ഭാര്യയുടെയും,ഉമ്മയുടെയും വിങ്ങുന്ന ധ്വനികള്‍ ഇരുളില്‍ അവ്യക്താമായി കേട്ടുകൊണ്ടിരുന്നു. സ്വന്തം വീട്ടില്‍ അതിഥിയായി കഴിഞ്ഞ സ്മരണകള്‍ അയവിറക്കുമ്പോഴും ഞാന്‍ വീണ്ടും ഒരു വിമാനയാത്രയ്ക്ക് യാന്ത്രികമായി തയാറെടുക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന മണല്‍നഗരത്തിലേക്ക്...............

എം സ് നസീര്‍ പാങ്ങോട്....

Tuesday, April 1, 2008

പ്രവാസിയുടെ ദശാന്തരങ്ങള്‍..

വിദേശമലയാളിക്ക് പ്രവാസി എന്ന പേരു വിളിച്ചത് ആരായാലും ആപേരു ഗള്‍ഫ് മലയാളിക്ക് ഏറെ അനുയോജ്യമാണന്ന കാര്യത്തില്‍ ശംശയമില്ല.

ഗള്‍ഫ് മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട 'പ്രവാസി' എന്ന മൂന്നക്ഷരങ്ങളില്‍ ഒളിഞ്ഞ് കിടക്കുന്നത് എന്താണന്ന് നോക്കാം.

ആദ്യം പ്രവാസി ഗള്‍ഫിലാകുമ്പോള്‍.

പ്ര = പ്രശ്നങ്ങള്‍ തീരാത്തവന്‍

വാ = വായ്പകളാല്‍ വലഞ്ഞവന്‍

സി = സിഗരറ്റിലും സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍.

**********

ഇനി പ്രവാസി ലീവിലെത്തിയാല്‍

പ്ര = പ്രമാണിയായി ജീവിക്കുന്നവന്‍.

വാ = വാടക വണ്ടിയില്‍ വിലസുന്നവന്‍

സി = സിനിമക്കും സിക്കാറിനും നടക്കുന്നവന്‍.

**********

അവസാനം പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കുമ്പോള്‍.

പ്ര = പ്രസാധം നഷ്ടപെട്ടവന്‍.

വാ = വാര്‍ധക്യം പിടി കൂടിയവന്‍.

സി = സിക്ക് നിത്യരോഗി.

*********


കടപ്പാട്:: സുറാഖത്ത് ഹസ്സന്‍..
അഫ്സല്‍ ടി. പി. കണ്ണൂര്‍.. വളപട്ടണം